ഭൂമിശാസ്ത്രം

പഞ്ചായത്തിലൂടെ

ഭൂപ്രകൃതിയും വിഭവങ്ങളും

പശ്ചിമഘട്ട പര്‍വ്വതനിരകളുടെ പടിഞ്ഞാറ് ഭാഗത്തായി തമിഴ്നാടുമായി  അതിര്‍ത്തി പങ്കിടുന്ന, മലകളും കുന്നിന്‍ നിരകളും താഴ്വരകളും കൊച്ചു കൊച്ചു അരുവികളും ഭൂരിഭാഗവും വനങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടതുമായ ഒരു മലയോര ഗ്രാമമാണ് ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്. വടക്ക് പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെട്ട കോന്നി ഫോറസ്റ്റും  അച്ചന്‍ കോവില്‍ ആറിന്റെ  ഭാഗങ്ങളും അതിര്‍ത്തി കുറിക്കുമ്പോള്‍  കിഴക്ക് തമിഴ്നാടും പടിഞ്ഞാറ് തെന്മല പിറവന്തൂര്‍ പഞ്ചായത്തുകളും റിസര്‍വ്വ് വനങ്ങളും തെക്ക് റിസര്‍വ്വ് വനങ്ങളും കുളത്തൂപ്പുഴ പഞ്ചായത്തും അതിര്‍ത്തി കുറിക്കുന്നു. കൊല്ലം  ജില്ലയുടെ ഏറ്റവും കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് വിസ്തീര്‍ണ്ണത്തില്‍ ജില്ലയിലെ രണ്ടാമത്തെ  വലിയ പഞ്ചായത്താണ്. ആകെ വിസ്തീര്‍ണ്ണം 196.84 ചതു.കി.മീ. പത്തനാപുരം താലൂക്കിലെ അഞ്ചല്‍  ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്ത് കൊല്ലം ജില്ലയുടെ വിസ്തൃതിയുടെ 6.07%  ഉള്‍ക്കൊള്ളുന്നു. കിഴക്കെ രേഖാംശം 77021 31″ ഉം 770121 35″  ഉം ഇടയ്ക്കും വടക്കേ അക്ഷാംശം 80551, 32″ ഉം 90  71 24″  ഇടയ്ക്കാണ് ഈ പഞ്ചായത്തിന്റെ  സ്ഥാനം. കേരളത്തെ മറ്റു കിഴക്കന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മലമ്പാതയായ കൊല്ലം-ചെങ്കോട്ട റോഡും ദക്ഷിണ റെയില്‍വേയുടെ കൊല്ലം ചെങ്കോട്ട  മീറ്റര്‍ഗേജ് റെയില്‍വേ ലൈനും ഈ പഞ്ചായത്തിലൂടെ  കടന്നു പോകുന്നു. പ്രസിദ്ധമായ പാലരുവി വെള്ളച്ചാട്ടം ഈ പഞ്ചായത്തിലെ  ആര്യങ്കാവില്‍ നിന്നും ഏകദേശം 4 കി.മീ തെക്കു മാറി സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ പേര്  ആര്യങ്കാവ്  എന്നാണെങ്കിലും  ഇതിന്റെ ആസ്ഥാനം തെന്‍മലയില്‍ നിന്നും 4 കി.മീ കിഴക്ക് പഞ്ചായത്തിന്റെ ഏതാണ്ട് തെക്കേ അറ്റത്തായി  സ്ഥിതി ചെയ്യുന്ന കഴുതുരുട്ടിയാണ്. ആര്യങ്കാവ്, കഴുതുരുട്ടി, അച്ചന്‍ കോവില്‍, പാലരുവി, അമ്പനാട് എന്നിവയാണ് ഇവിടുത്തെ പ്രധാന പ്രദേശങ്ങള്‍. ആര്യങ്കാവ് പഞ്ചായത്തിലെ  ഏറ്റവും കുറഞ്ഞ ഉയരം 100 മീറ്ററും  കൂടിയ ഉയരം 1072 മീറ്ററുമാണ്. പൊതുവേ ഈ പഞ്ചായത്തിന്റെ  മദ്ധ്യഭാഗം കിഴക്കു പടിഞ്ഞാറായി  ഉയര്‍ന്നു കിടക്കുന്നതും തെക്കോട്ടും വടക്കോട്ടും ചരിഞ്ഞിറങ്ങുന്നതുമാണ്. പള്ളിക്കൊണ്ടന്‍ ആറ്, ശങ്കുപിള്ളിതോട്, ചിറ്റാര്‍ ആറ് എന്നിവ ഇവിടെ നിന്ന് ഉത്ഭവിച്ച് വടക്കോട്ടൊഴുകി അച്ചന്‍ കോവില്‍ ആറുമായി ചേരുന്നു. കല്‍ത്തുരുത്തി ആറും സവര്‍ണ്ണ ഗിരി ആറും ഇവിടെ നിന്നും  ഉത്ഭവിച്ച് തെക്കോട്ടൊഴുകി കല്ലടയാറുമായി ചേരുന്നു.

 

ഭൂരൂപങ്ങള്‍ : പ്രാദേശികമായി ആര്യങ്കാവ് പഞ്ചായത്തിലെ ഭൂരൂപങ്ങളെ നാലായി തരം തിരിയ്ക്കാവുന്നതാണ്.

കുന്നിന്‍ മണ്ട (ബില്‍ ക്രെഡിറ്റ്) : കുന്നുകളുടെയും മലനിരകളുടെയും നെറുകയാണിവ. വിസ്തൃതി കുറഞ്ഞ ശൃംഗങ്ങളാണിവ. പതിനാറോളം വലിയ കുന്നുകള്‍ ഈ പഞ്ചായത്തില്‍ ഉണ്ട്. മണ്ണിന് കനം കൂടുതലുള്ള പ്രദേശങ്ങളാണിവ. വനങ്ങളാണ് ഇവിടുത്തെ പ്രധാന സസ്യജാലങ്ങള്‍.

ചെരിവുകള്‍ : ആര്യങ്കാവ്  പഞ്ചായത്തിലെ 99%  ഭൂമിയും ചരിവുള്ളവയാണ്. കുന്നിന്റെ/മലകളുടെ നെറുകയില്‍ നിന്ന് തുടങ്ങി താഴ്വരകള്‍ വരെ വ്യാപിച്ചു കിടക്കുകയാണ് ചരിവുകള്‍. ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ചരിവിന്റെ അളവിനെ ആസ്പദമാക്കിയാണ് ഈ തരംതിരിവ്.

സമുദ്രനിരപ്പില്‍ നിന്നുള്ള  ഉയരത്തെ ആസ്പദമാക്കി ഈ പഞ്ചായത്തിനെ  ഏഴായി തരം തിരിക്കുന്നു.

 

100 മീറ്ററില്‍ താഴെ ഉയരമുള്ള പ്രദേശങ്ങള്‍ : അച്ചന്‍ കോവില്‍  ആറിന്റെ കടവ്, അതിന്റെ സമീപ പ്രദേശങ്ങള്‍, ജനവാസം കൂടിയ അച്ചന്‍ കോവില്‍ മുതലായ  പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയുടെ വ്യാപ്തി 459.38 ഹെക്ടര്‍ ആണ്. ശങ്കുപിള്ള തോട്,  അച്ചന്‍ കോവില്‍ മുതല്‍ പാലക്കാപാറ വരെ  ചേര്‍ന്ന് വീതി കുറഞ്ഞ് കാണപ്പെടുന്നു. വെള്ളം സുലഭമായ പ്രദേശമാണ്.

100 മീറ്ററിനും 200 മീറ്ററിനും ഇടയ്ക്ക് ഉയരമുള്ള പ്രദേശങ്ങള്‍ :  പഞ്ചായത്തിന്റെ മൊത്ത വിസ്തൃതിയുടെ 14.92 ശതമാനത്തോളം  ഈ ഭൂവിഭാഗം വ്യാപിച്ചു കിടക്കുന്നു. വിസ്തൃതി 2906.28 ഹെക്ടര്‍ ആണ്. ആര്യങ്കാവ് പഞ്ചായത്തിന്റെ വടക്കു ഭാഗത്താണ് ഈ ഭൂവിഭാഗം. വെള്ളം സുലഭമാണ്. മിക്കവാറും തോട്ടങ്ങളും റിസര്‍വ്വ്  വനങ്ങളും ഈ പ്രദേശത്ത് കാണപ്പെടുന്നു.

200 മീറ്ററിനും 400 മീറ്ററിനും ഇടയ്ക്ക് ഉയരമുള്ള പ്രദേശങ്ങള്‍ : പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 45 ശതമാനവും ഈ വിഭാഗത്തില്‍പ്പെടുന്നു. വിസ്തൃതി 8765.27 ഹെക്ടര്‍ ആണ്. പഞ്ചായത്തിന്റെ വടക്കുഭാഗത്ത് അമ്പനാട്, അമ്പനാട് എസ്റ്റേറ്റ് എന്നീ പ്രദേശങ്ങളും തെക്ക് ഭാഗത്ത് കല്‍ത്തുരുത്തി, ഇടപ്പാളയം, ആര്യങ്കാവ് എന്നീ പ്രദേശങ്ങളും ഈ മേഖലയില്‍പ്പെടുന്നു.

400 മീറ്ററിനും 600 മീറ്ററിനും ഇടയ്ക്ക് ഉയരമുള്ള പ്രദേശങ്ങള്‍ : സാമാന്യം ചരിവുള്ള പ്രദേശമാണ്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 25.2 ശതമാനം ഈ വിഭാഗത്തില്‍പ്പെടുന്നു. വിസ്തൃതി  4910.93 ഹെക്ടര്‍. ജനവാസം തീരെ ഇല്ല.

600 മീറ്ററിനും 800 മീറ്ററിനും ഇടയ്ക്ക് ഉയരമുള്ള പ്രദേശങ്ങള്‍ : പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 9.92 ശതമാനം വരുന്ന ഈ പ്രദേശത്തിന്റെ  വിസ്തൃതി 4910.93 ഹെക്ടര്‍ ജനവാസം തീരെ ഇല്ല.

800 മീറ്ററിനും  1000 മീറ്ററിനും ഇടയ്ക്ക് ഉയരമുള്ള പ്രദേശങ്ങള്‍ : പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 2.4 ശതമാനം വരും ഈ വിഭാഗം. മലഞ്ചരിവുകള്‍ പൂര്‍ണ്ണമായും വനമേഖലയാണ്. ജനവാസം തീരെയില്ല.

ആയിരം മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങള്‍ : പശ്ചിമഘട്ട മലനിരകളുടെ  ഭാഗങ്ങളും മറ്റും ഉള്‍പ്പെട്ട ഈ പ്രദേശത്തിന്റെ മൊത്തം വിസ്തൃതി പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 0.16% മാത്രമാണ്. പുല്‍ പടര്‍പ്പുകളും മുള്‍ പടര്‍പ്പുകളും വൃക്ഷങ്ങളും ഈ പ്രദേശത്ത് വളരുന്നു. ജനവാസം ഇല്ല. ഈ പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങള്‍ ചെങ്കല്‍ മണ്ണും ജൈവാംശം കലര്‍ന്ന ഫോറസ്റ്റ് സോയിലും ആണ്.

ചെങ്കല്‍മണ്ണ് :- കല്‍ത്തുരുത്തി ഭാഗങ്ങളിലാണ് ഈ മണ്ണ് കണ്ടു വരുന്നത്.

വനഭൂമിയിലെ മണ്ണ് :- ഈ  പഞ്ചായത്തിലെ 90%  പ്രദേശത്തും കണ്ടു വരുന്ന മണ്ണാണിത്. കരിമണ്ണ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ മണ്ണ് യഥാര്‍ത്ഥത്തില്‍  ജൈവാംശം നിറഞ്ഞ ചെങ്കല്‍ മണ്ണാണ്. ഈ മണ്ണ് നല്ല ആഴത്തില്‍ കണ്ടു വരുന്നു. നല്ല പോലെ നീര്‍വാഴ്ചയുള്ളതും ജലസംഭരണ ശേഷി വളരെ കൂടുതല്‍ ഉള്ളതുമായ മണ്ണാണിത്.

ഏക്കല്‍ മണ്ണ് :-  അച്ചന്‍ കോവില്‍ ആറിന്റെ താഴ്വരകളിലും  നദീതടങ്ങളിലുമാണ് ഈ മണ്ണ് കണ്ടു വരുന്നത്. നദികള്‍ ഒഴുക്കിക്കൊണ്ടു വരുന്ന വസ്തുക്കളും മറ്റും നിക്ഷേപിച്ച് ഉണ്ടാക്കുന്ന മണ്ണാണിത്. അത്യന്തം ഫലഭൂയിഷ്ടമായ മണ്ണാണിത്. ജൈവാംശം വളരെ കൂടുതല്‍ ആയിരിക്കും.

ഭൂവിനിയോഗം

ആര്യങ്കാവ് പഞ്ചായത്തിന്റെ ഭൂരിഭാഗവും സംരക്ഷിത വനങ്ങളാണ്. ആകെ വിസ്തൃതിയുടെ  63 ശതമാനവും വനങ്ങളാണ്. കേരളത്തിലെ പ്രതിശീര്‍ഷ വനഭൂമിയുടെ  വിസ്തീര്‍ണ്ണം 0.038 ഹെക്ടര്‍ ആണെങ്കില്‍ ഈ പഞ്ചായത്തില്‍ അത് 1.25 ഹെക്ടര്‍ ആണ്. അതായത് സംസ്ഥാന ശരാശരിയേക്കാള്‍ 68% കൂടുതല്‍. സംരക്ഷിത  വനങ്ങള്‍ 12422 ഹെക്ടര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നു. ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങളിലും കുന്നിന്‍ ചരിവുകളിലുമാണ് ജനങ്ങള്‍ ഉള്ളത്. 2991 ഹെക്ടര്‍ പ്രദേശങ്ങള്‍ തേക്കുതോട്ടങ്ങള്‍  ആണ്. സംരക്ഷിത വനങ്ങള്‍ ഒഴികെ ഉള്ള ഭൂമിയുടെ വിസ്തീര്‍ണ്ണത്തിന്റെ 41.18  ശതമാനത്തോളം വരും. ഈ ഭൂവിഭാഗം തോട്ടങ്ങളില്‍ തേക്ക് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം റബ്ബറിനാണ്. 2600 ഹെക്ടര്‍ അതായത് (33.8 ശതമാനത്തോളം) യൂക്കാലിപ്റ്റസ് മരങ്ങള്‍ 180 ഹെക്ടറിലും (2.48 ശതമാനം) തേയില തോട്ടങ്ങള്‍ 913 ഹെക്ടറിലും (15.59 ശതമാനം) റബ്ബറും തേയിലയും കൂടി 419 ഹെക്ടറിലും  ( 21.9 ശതമാനം)  കണ്ടു വരുന്നു. മൊത്തം ഭൂമിയുടെ  37% പ്രദേശത്തു മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. അതായത് 7262  ഹെക്ടറില്‍ ബാക്കി  63% പ്രദേശങ്ങളും സംരക്ഷിത വനങ്ങളാണ്. നെല്‍ക്കൃഷി ഈ പഞ്ചായത്തില്‍ ചെയ്തു വരുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്. റബ്ബര്‍ കഴിഞ്ഞാല്‍ പ്രാധാന്യം നല്‍കുന്നത് കുരുമുളകിനും മരച്ചീനിക്കുമാണ്.

 

കാലാവസ്ഥ

മഴ, ഉയരക്രമം, മണ്ണിന്റെ തരം ഭൂപ്രകൃതി എന്നിവയെ അടിസ്ഥാനമാക്കി കേരളത്തെ 13 കാര്‍ഷിക കാലാവസ്ഥാ മേഖലകളായി തരം തിരിച്ചിട്ടുണ്ട്. അതില്‍ ഏഴാമത്തെ മേഖലയിലാണ് ഈ പ്രദേശം ഉള്‍പ്പെടുന്നത്. ഈ ഏഴാമത്തെ മേഖലയുടെ പ്രധാന മണ്ണിന്‍തരം പൂര്‍ണ്ണമായും ലാറ്ററൈസേഷനു വിധേയമാകാത്ത ചെങ്കല്‍ മണ്ണും, കൃഷി റബ്ബര്‍ , കുരുമുളക്, തെങ്ങ് എന്നിവയുമാണ്. വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതി, മണ്ണ് എന്നിവ പോലെ തന്നെ വൈവിദ്ധ്യമാര്‍ന്ന കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. കാര്‍ഷിക വൃത്തിയെ പൂര്‍ണ്ണമായും ആശ്രയിച്ചു കഴിയുന്ന ഇവിടുത്തെ ജനജീവിതത്തെ കാലാവസ്ഥ ഗണ്യമായ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. തെക്കുപടിഞ്ഞാറന്‍  കാലവര്‍ഷങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ശരാശരി ഇവിടെ ലഭിക്കുന്ന മഴ 2554 മില്ലിമീറ്ററാണ്. സംസ്ഥാനത്തെ ശരാശരിയെക്കാള്‍ ( 3063  മി.മീ) 509  മീറ്റര്‍ കുറവാണ്. ഏറ്റവും കൂടിയ താപനില അനുഭവപ്പെടുന്നത് മാര്‍ച്ച് ഏപ്രില്‍  മാസങ്ങളിലാണ്. ഇവ യഥാക്രമം  37.1 ഡിഗ്രി സെല്‍ഷ്യസ് 35.4 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ്. ഈ മാസങ്ങളിലെ കുറഞ്ഞ ചൂട് 22 ഡിഗ്രി സെല്‍ഷ്യസ് 23.7 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ്. 1992 ഒക്ടോബര്‍ 9, നവംബര്‍ 13  തിയതികളില്‍ അതിവര്‍ഷത്തില്‍  ഈ പ്രദേശത്തെ  ഒമ്പതു മുക്ക് ജംഗ്ഷന്‍, ഇടപ്പാളയം, ഇരുളന്‍കോട്, രാജാചോല, മേക്കാട്, അമ്പനാട്, നെടുമ്പാറ, ഫ്ളോറന്‍സ്, ഒന്‍പതേക്കര്‍, ചേനഗിരി, സുവര്‍ണ്ണഗിരി, ആര്യങ്കാവ് എന്നിവിടങ്ങളില്‍  ഉണ്ടായ ഉരുള്‍ പൊട്ടലില്‍  വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടായി. പൂത്തോട്ടം 10 ഏക്കര്‍ ആശുപത്രി വിഭാഗം, 47 ഏക്കര്‍  കോട്ടവാസല്‍, കരിമ്പിന്‍ തോട്ടം, പാലരുവി എന്നിവിടങ്ങളിലും ശക്തമായ ഉരുള്‍ പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. കൊല്ലം ജില്ലയിലെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പഞ്ചായത്താണ് ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്. ഇവിടുത്തെ പ്രതിശീര്‍ഷ ഭൂമിയുടെ അളവ് 1.62 ഹെക്ടര്‍ ആണ്. സംസ്ഥാനത്ത് ഇതു വെറും 0.13 ഹെക്ടറാണ് ( 32.5 സെന്റ്).

 

കൃഷിയും ജലസേചനവും

അച്ചന്‍ കോവില്‍ ആറ്, അതിന്റെ ഏഴോളം പോഷകനദികള്‍, പാലരുവി ആറ്, സുവര്‍ണ്ണ ഗിരി ആറ് എന്നിവയും കല്ലട ആറിന്റെ പോഷക നദികളും ഏതാനും കുളങ്ങള്‍, കിണറുകള്‍ എന്നിവയുമാണ് ഈ പഞ്ചായത്തിലെ ഉപരിതല സ്രോതസ്സുകള്‍. കൂടാതെ എട്ടോളം നീരുറവകളും ഉണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളിലും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും ആണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ വര്‍ഷപാതം ഇവിടെ പ്രബലമായി അനുഭവപ്പെടുന്നു. സമൃദ്ധമായ കാടുകളും വനങ്ങളും  മഴ ലഭിക്കുന്നതിന് ഒരു കാരണമാണ്. പക്ഷേ കുത്തനെ ചരിവുള്ള  മലഞ്ചരിവുകള്‍ ആയതിനാല്‍ പെയ്തു കിട്ടുന്ന മഴവെള്ളം മുഴുവനും അപ്പഴപ്പോള്‍ തന്നെ ഒഴുകി പോകുന്നു. കൂടെ മണ്ണൊലിപ്പും ഉണ്ടാകുന്നു. ജലം ഒട്ടും തന്നെ മണ്ണിലേക്ക് ഊര്‍ന്നിറങ്ങുന്നില്ല. തല്‍ഫലമായി മിക്ക പ്രദേശങ്ങളിലും വര്‍ഷത്തിന്റെ ഭൂരിഭാഗം സമയത്തും ജലക്ഷാമം അനുഭവപ്പെടുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലാണ് വെള്ളക്ഷാമം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്. അച്ചന്‍ കോവില്‍ ആറ് പഞ്ചായത്തിന്റെ വടക്കേ  അതിരിന്റെ ഭാഗമാണ്. പശ്ചിമഘട്ട പര്‍വ്വത നിരകളില്‍ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി അറബി കടലില്‍  പതിയ്ക്കുന്ന ഈ നദിയുടെ ഒരു കൈവഴി ഈ പഞ്ചായത്തിലെ കിഴക്കന്‍ മലനിരകളില്‍ നിന്നാണ് ഉത്ഭവിയ്ക്കുന്നത്.  129 കി.മീ നീളം വരുന്ന അച്ചന്‍ കോവില്‍ ആറിന്റെ 23.25 കി.മീ ഈ പഞ്ചായത്തിന്റെ വടക്കേ അതിരിലൂടെ ഒഴുകുന്നു. ഇതില്‍ 5.5 കി.മീ ഭാഗത്തു മാത്രമേ വര്‍ഷാവസാനം നീരൊഴുക്ക് ഉള്ളൂ. ഏതാനും ചില വളവുകള്‍  ഒഴിച്ചാല്‍ ഈ നദി ഒഴുകുന്നത് ഏതാണ്ട് വടക്കു പടിഞ്ഞാറായി  നേര്‍രേഖയില്‍  ആണെന്നു കാണാം.  വടക്കു പടിഞ്ഞാറായി കിടക്കുന്ന അച്ചന്‍ കോവില്‍ ലീനിയമെന്റിലൂടെയാണ് ഈ നദി ഒഴുകുന്നത് എന്നതാണ് ഇതിന് കാരണം. ഈ ലീനിയമെന്റ് എന്നത് ഒരംശരേഖയോ വലനത്തിന്റെയോ (പാറകള്‍ ഒടിഞ്ഞു മടങ്ങുന്നതിനെയാണ് വലനം എന്നു പറയുന്നത്) വിള്ളലുകളുടെ നിരയോ ആയിരിക്കാം എന്നതാണ്  ഭൌമ ശാസ്ത്രജ്ഞരുടെ  അഭിപ്രായം. ആര്യങ്കാവ് പഞ്ചായത്തിന്റെ ഭൂവിസ്തൃതിയുടെ 56.44% അച്ചന്‍ കോവില്‍ ആറിന്റെ കൈവഴിയാകുന്ന വൃഷ്ടി പ്രദേശങ്ങളും 43.56% കല്ലടയാറിന്റെ പോഷക നദികളുടെ വൃഷ്ടി പ്രദേശങ്ങളുമാണ്. ഈ പഞ്ചായത്തിലെ അരുവികളുടെ ആകെ നീളം 90.5 കി.മീറ്ററോളം  വരും. ഇതില്‍ 40.45 കി.മീറ്റര്‍ കല്ലടയാറിന്റെ  പോഷക നദികളുടേയും 50 കി.മീറ്റര്‍ അച്ചന്‍ കോവില്‍ ആറിന്റെ പോഷക നദികളുടേതുമാണ്.

 

വനത്താല്‍ ചുറ്റപ്പെട്ട ഒരു കാര്‍ഷിക  ഗ്രാമമാണ് ആര്യങ്കാവ്. കൃഷിഭൂമി കുന്നും, കുഴിയും ചെരിവും ആണ്. പഞ്ചായത്തിന്റെ കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണം 13770 ഏക്കര്‍ ആണ്. കൃഷിഭൂമിയില്‍ ഭൂരിഭാഗവും 100 വര്‍ഷങ്ങള്‍ക്കു മുമ്പ്  ലണ്ടന്‍ ആസ്ഥാനമാക്കി  കാര്‍ഷിക വ്യവസായ  അടിസ്ഥാനത്തില്‍  പ്രവര്‍ത്തിച്ചിരുന്ന വെള്ളക്കാരുടെ ഒരു കമ്പനി വക തേയില കാപ്പി തോട്ടങ്ങളായിരുന്നു. മറ്റുപ്രദേശങ്ങളില്‍  ചില സ്ഥലങ്ങളിലായി ഓറഞ്ച്, ഏലം, നാരകം തുടങ്ങിയ കൃഷികളും ആയിരുന്നു. ആര്യങ്കാവ് പഞ്ചായത്തിന്റെ കാര്‍ഷിക മേഖലയെ രണ്ട് ഘട്ടമായി വേര്‍തിരിക്കാം. പഞ്ചവത്സര പദ്ധതി ആരംഭത്തിനു മുമ്പുള്ള  ഒന്നാം ഘട്ടവും ആധുനിക  കാര്‍ഷിക സമ്പ്രദായങ്ങളെ സ്വീകരിച്ചു തുടങ്ങിയ രണ്ടാം ഘട്ടവും.  ഈ രണ്ടു ഘട്ടങ്ങളിലും പ്രതീക്ഷയ്ക്കൊത്ത് ഉയരുവാന്‍ കഴിഞ്ഞിട്ടില്ല. കൃഷിയ്ക്ക് ഉപയോഗിച്ചിരുന്ന  ഭൂമി കഴിഞ്ഞ 45 വര്‍ഷങ്ങളായി പല രൂപത്തില്‍ മാറിയിട്ടുണ്ട്. തേയില തോട്ടങ്ങളിലെ ഭൂരിഭാഗവും റബ്ബര്‍തോട്ടങ്ങളായി മാറി. 7530 ഏക്കര്‍  റബ്ബര്‍ തോട്ടമായി  മാറുകയും 4200 ഏക്കര്‍ തേയില തോട്ടമായി നിലനില്ക്കുകയും ചെയ്യുന്നു. 2040 ഏക്കര്‍  മറ്റു വിവിധ കാര്‍ഷിക വിളകള്‍ നടത്തുന്ന പ്രദേശങ്ങളും ബാക്കിയുള്ളവ വനമേഖലയുമാണ്. ശക്തമായ വേനലും കാലികമായ മഴയും കിഴക്കന്‍ കാറ്റും  ലഭിക്കുന്ന ആര്‍ദ്ര ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഈ പ്രദേശത്ത് ലഭിക്കുന്നത്. കാര്‍ഷിക മേഖലയെ രണ്ടായി തരം തിരിയ്ക്കാം. ഒന്നു മുതല്‍ 4 വരെ  വാര്‍ഡുകളിലെ  ഹാരിസണ്‍സ് മലയാളം കമ്പനി വക ഇസ്ഫീല്‍ഡ്, വെഞ്ചര്‍ എസ്റ്റേറ്റുകള്‍ സ്വകാര്യ മേഖലയില്‍  കുളിര്‍കാട് എട്ടാം വാര്‍ഡിലെ ബഡ്ഫോര്‍ഡ് തുടങ്ങിയ എസ്റ്റേറ്റുകളില്‍ റബ്ബര്‍ കൃഷിയും  അഞ്ച് ആറ് വാര്‍ഡുകളിലെ  ട്രാവന്‍കൂര്‍ റബ്ബര്‍ & റ്റീ കമ്പനി, പ്രിയ റബ്ബര്‍ & റ്റീ പ്ളാന്റേഷന്‍  ലിമിറ്റഡ് തുടങ്ങിയ എസ്റ്റേറ്റുകളില്‍  പ്രധാനമായി തേയില, ഗ്രാമ്പൂ, കുരുമുളക്, റബ്ബര്‍ എന്നിവ വ്യാവസായിക അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി കൃഷി ചെയ്തു വരുന്നു. കര്‍ഷകരും കര്‍ഷക തൊഴിലാളികളും അധിവസിയ്ക്കുന്ന അച്ചന്‍ കോവില്‍, കഴുതുരുട്ടി, ആര്യങ്കാവ് വാര്‍ഡുകളിലേയും നെടുമ്പാറ, പൂത്തോട്ടം, പത്തേക്കര്‍, കരിമരക്കാന പ്രദേശം, രാജചോല, ഇരുളന്‍കാട്, ഒമ്പതേക്കര്‍, തലപ്പാറ എന്നീ പ്രദേശങ്ങളിലേയും പ്രധാന കാര്‍ഷിക വിളകള്‍ കുരുമുളക്, തെങ്ങ്,  കശുമാവ്, കമുക്, ഗ്രാമ്പൂ, ജാതി, മാവ്, പ്ളാവ്, റബ്ബര്‍ തുടങ്ങി സ്ഥിര കൃഷികളും  വാഴ, ഇഞ്ചി, മഞ്ഞള്‍,  മരച്ചീനി, മറ്റു കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ ഉള്‍പ്പെടുന്ന ചെറുകൃഷികളുമാണ്. റബ്ബര്‍ ഒഴികെയുള്ള മറ്റു കൃഷികള്‍ ഇടകലര്‍ത്തി ചെയ്തു വരുന്നു. വിദേശ നാണ്യം നേടിത്തരുന്ന കറുത്ത പൊന്നായ കുരുമുളകിന് ഈ ഗ്രാമത്തില്‍ വളരെ പ്രാധാന്യം കൊടുത്ത് കൃഷി ചെയ്തു വരുന്നു. നാടന്‍ ഇനങ്ങളില്‍  കരിമുണ്ടയും നാരായകൊടിയും വിരളമായി പന്നിയൂര്‍ ഒന്നും ഇടവിളയായി കുരുമുളകു മാത്രമായും കൃഷി ചെയ്തു വരുന്നു. കേര കൃഷി എല്ലാ പ്രദേശങ്ങളിലും ചെയ്തു വരുന്നുണ്ട്. ഇടത്തരം ചരിവായതും താഴ്വര പ്രദേശത്തുമാണ് തെങ്ങ് കൃഷി ചെയ്തു വരുന്നത്. ഭൂരിഭാഗവും നാടന്‍ തെങ്ങിനങ്ങളാണ്.    ആര്യങ്കാവ് വാര്‍ഡിലും എസ്റ്റേറ്റ് മേഖലകളില്‍ തേയിലയുടെ ഇടകൃഷിയായും പ്രധാനമായും കൃഷി ചെയ്തു വരുന്നു. മറ്റു പ്രദേശങ്ങളില്‍ ചെറിയ തോതില്‍ കൃഷി ചെയ്തു വരുന്നുണ്ട്. മരച്ചീനിയും നെല്ലും വനപ്രദേശങ്ങളില്‍  വ്യാപകമായി  കൃഷി ചെയ്തു വരികയായിരുന്നു. വാഴ, ഇഞ്ചി, മഞ്ഞള്‍, കിഴങ്ങു വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ മറ്റു ഭക്ഷ്യ വസ്തുക്കള്‍ കര്‍ഷകരുടെ പുരയിടങ്ങളില്‍ കൃഷി ചെയ്തുവരുന്നു. വനത്താല്‍ ചുറ്റുപ്പെട്ട പ്രദേശമാകയാല്‍ വന്യമൃഗങ്ങളുടെ ഉപദ്രവം മൂലം കൃഷി കുറഞ്ഞു വരികയുമാണ്.

 

വ്യവസായ രംഗം

വ്യവസായ മേഖലയില്‍ അധികം സ്ഥാപനങ്ങള്‍ ഇല്ലാത്ത ഒരു പ്രദേശമാണിത്. റബ്ബര്‍, തേയില എന്നിവയുടെ ഉല്പാദനവുമായി ബന്ധപ്പെട്ട മൂന്നു വ്യവസായ ശാലകളും, പനമ്പിന്റെ  ഒരു കുടില്‍ വ്യവസായവുമാണ് നിലവിലുള്ളത്. വനവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണെങ്കിലും വനവിഭവങ്ങള്‍ അസംസ്കൃത വസ്തുക്കളായുള്ള വ്യവസായങ്ങള്‍ നിലവില്‍ ഇല്ല.

 

ഹാരിസണ്‍ മലയാളം ലിമിറ്റഡ്:

ആര്യങ്കാവ് പഞ്ചായത്തിന്റെ 1 മുതല്‍ 4 വരെയുള്ള വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശവും റബ്ബര്‍ തോട്ടമാണ്. 1069.96 ഹെക്ടര്‍ സ്ഥലത്തു സ്ഥിതി ചെയ്യുന്ന റബ്ബര്‍ മരങ്ങളുടെ പാല്‍ ശേഖരിച്ച്  പഞ്ചായത്തിനു പുറത്തു കൊണ്ടുപോകുന്നു. ഒട്ടുകറ മാത്രം നെടുമ്പാറയിലുള്ള റബ്ബര്‍ ഫാക്ടറിയില്‍ സംസ്കരിച്ച് ഷീറ്റുകളുണ്ടാകുന്നു. ഫാക്ടറിയിലും തോട്ടങ്ങളിലുമായി വളരെയധികം തൊഴിലാളികള്‍ പണിയെടുക്കുന്നു. മുന്‍കാലങ്ങളില്‍ റബ്ബര്‍പാല്‍ പൂര്‍ണ്ണമായും ഈ ഫാക്ടറിയില്‍ സംസ്കരിച്ചിരുന്നു.

 

ട്രാവന്‍കൂര്‍ റബ്ബര്‍ & റ്റീ കമ്പനി :

ആര്യങ്കാവ് പഞ്ചായത്തിന്റെ 5,6 വാര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്ന റബ്ബര്‍, തേയില തോട്ടങ്ങളുണ്ട്. തേയില തോട്ടങ്ങളില്‍ നിന്നു ശേഖരിക്കുന്ന കൊളുന്ത് അരണ്ടല്‍ എന്ന സ്ഥലത്തുള്ള തേയില ഫാക്ടറിയില്‍ സംസ്കരിക്കുന്നു. വ്യത്യസ്ത ഗുണ നിലവാരങ്ങളുള്ള തേയില ഉത്പാദിപ്പിക്കുന്നുണ്ട്. കമ്പനി വക റബ്ബര്‍ തോട്ടങ്ങളിലെ റബ്ബര്‍ പാല്‍, ഒട്ടുകറ എന്നിവ പുറത്തുള്ള ഫാക്ടറികളിലാണ് സംസ്കരിക്കുന്നത്.

 

പ്രിയ എസ്റ്റേറ്റ് :

492 ഏക്കര്‍ സ്ഥലത്ത് റബ്ബര്‍, തേയില എന്നിവ കൃഷി ചെയ്യുന്നു. ഒരു തേയില ഫാക്ടറിയും സാധാരണ റോളര്‍ ഉപയോഗിച്ച് ഷീറ്റുണ്ടാക്കുന്ന റബ്ബര്‍ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നു. ഗുണനിലവാരം കൂടിയ “ചൈനാ തേയില” ഇവിടെ കൃഷി ചെയ്യുന്നു. ശരിയായ മാനേജ്മെന്റ് സംവിധാനം ഇല്ലാത്തതിനാല്‍ തോട്ടങ്ങളുടെയും ഫാക്ടറിയുടെയും  പ്രവര്‍ത്തനം തൃപ്തികരമല്ല. തൊഴിലാളികള്‍ അസംതൃപ്തരാണ്. തമിഴ്നാട്ടിലെ  രാമകുണ്ഠത്തു നിന്നും ഇടമണ്ണിലേയ്ക്കുള്ള  220 KV ലൈന്‍ ഈ പഞ്ചായത്തില്‍ കൂടി കടന്നു പോകുന്നു. കൂടാതെ തെന്മല പവര്‍ ഹൌസില്‍ ഉത്പാദിപ്പിക്കുന്ന 10 മെഗാവാട്ട് വൈദ്യുതിയും ഇടമണ്‍ പവര്‍സ്റ്റേഷനില്‍ എത്തിച്ചേരുന്നു. ഇവിടെ നിന്നും 11  KV ലൈനുകള്‍ വഴി തോട്ടം, ആര്യങ്കാവ്, അച്ചന്‍ കോവില്‍ തുടങ്ങിയ പ്രദേശത്ത് എത്തിച്ചേരുന്നു. ട്രാന്‍സ്ഫോമറുകള്‍ വഴി വൈദ്യുതി വിതരണം ചെയ്യുന്നു.

 

വിദ്യാഭ്യാസം

സ്വാതന്ത്ര്യലബ്ധിക്ക്  മുമ്പ് ആര്യങ്കാവ് പഞ്ചായത്തില്‍ ഔപചാരിക  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  ഒന്നും തന്നെ പ്രവര്‍ത്തിച്ചിരുന്നില്ല. പ്രാദേശികമായി സാമാന്യ വിദ്യാഭ്യാസമുള്ള എഴുത്താശാന്മാര്‍  പ്രാഥമിക വിദ്യാഭ്യാസം നല്‍കിയിരുന്നു. ഇന്ന് തമിഴ്നാടിന്റെ ഭാഗമായുള്ള ചെങ്കോട്ട തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. ഈ പ്രദേശത്തു നിന്ന് അക്കാലത്ത്  പ്രാഥമിക വിദ്യാഭ്യാസത്തിന് കുട്ടികള്‍ ചെങ്കോട്ട സ്കൂളില്‍ പോയിരുന്നു. അവിടെ ബോധന മാധ്യമം  തമിഴായിരുന്നു. ഒരു പീരിയഡ് മലയാളം പഠിപ്പിച്ചിരുന്നു. 1940-ല്‍ നെടുമ്പാറയില്‍ എസ്റ്റേറ്റ് വകയായി ഒരു പ്രൈമറി സ്കൂള്‍ ആരംഭിച്ചു. ഒരധ്യാപകന്‍ മാത്രമുണ്ടായിരുന്ന ആ സ്കൂളില്‍ 1 മുതല്‍ 4 ക്ളാസ്സു വരെ  ക്ളാസുകളിലായി  12 കുട്ടികള്‍ പഠിച്ചിരുന്നു. ആര്യങ്കാവില്‍ ഏബ്രഹാം വൈദ്യന്‍ മുന്‍കൈയെടുത്ത് നാട്ടുകാരുടെ സഹകരണത്തോടെ  ഒരു പ്രൈമറി സ്കൂള്‍  ആരംഭിച്ചു. വൈദ്യരുടെ  വീട്ടിലും മുറ്റത്തുമായിരുന്നു അധ്യയനം. 1951-ല്‍ ആര്യങ്കാവ് ന്യൂ പി.എസ് എന്ന പേരില്‍ സ്ഥാപിക്കപ്പെട്ട ഈ സ്കൂളാണ് ഇന്നത്തെ ആര്യങ്കാവ്  ഗവ.എല്‍.പി.എസ്. സ്കൂളിന് ആവശ്യമായ അരയേക്കര്‍ സ്ഥലം ഗവണ്‍മെന്റ് അനുവദിക്കുകയും ചെയ്തു. അതിനുശേഷം കഴുതുരുട്ടി, നെടുമ്പാറ, അച്ചന്‍ കോവില്‍ എന്നിവിടങ്ങളിലും  യു.പി സ്കൂളുകളായും അതിനുശേഷം  ഹൈസ്കൂളുകളായും അപ്ഗ്രേഡ് ചെയ്തു. 1967-ല്‍ തെന്മല പഞ്ചായത്തിന്റെ ഭാഗമായിരുന്ന നെടുമ്പാറയില്‍ ഈ പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്തിന്റെ മാനേജുമെന്റിലുള്ളതാണ് ഈ ഹൈസ്കൂള്‍. ക്രിസ്ത്യന്‍ മിഷനറിമാരുടെ  വരവോടു കൂടി  ആര്യങ്കാവ്  പ്രദേശം വിദ്യാഭ്യാസ ഉന്നമനത്തിന് വേദിയായി. 1964-ല്‍ ആര്യങ്കാവില്‍ സെന്റ് മേരീസ് യു.പി.സ്കൂള്‍ സ്ഥാപിതമായി. ആരംഭകാലത്ത് കന്യാസ്ത്രീകള്‍ മാത്രമായിരുന്നു അധ്യാപകര്‍. 1982-ല്‍  ആര്യങ്കാവില്‍  സെന്റ് മേരീസ് ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. എസ്റ്റേറ്റ് തൊഴിലാളികളുടെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി  അമ്പനാട്, വെഞ്ചര്‍ എന്നീ സ്ഥലങ്ങളില്‍  എസ്റ്റേറ്റ് മാനേജ്മെന്റ്   വകയായി രണ്ട് അംഗീകൃത  എല്‍.പി സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശത്തെ സ്കൂളുകള്‍, ഭാഷാ ന്യൂനപക്ഷമായ തമിഴ് വംശജരായ തോട്ടം തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി അമ്പനാട് വെഞ്ച്വര്‍ എസ്റ്റേറ്റ് എല്‍.പി സ്കൂളിലും നെടുമ്പാറ റ്റി.സി.എന്‍.എം. എച്ച്.എസ് ലും തമിഴ് മീഡിയവും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപരിപഠനത്തിന്  ഏറ്റവും അടുത്തുള്ള കോളേജ് പുനലൂരാണ്.

 

ആരോഗ്യം

ആരോഗ്യപരിപാലനരംഗത്ത് പരിമിതികള്‍ ഉള്ള പ്രദേശമാണ് ആര്യങ്കാവ് പഞ്ചായത്ത്. ആദ്യകാലത്ത് ആരോഗ്യ സ്ഥാപനങ്ങളൊന്നും നിലവില്‍ ഇല്ലായിരുന്നു. ചില വീടുകളില്‍ പരമ്പരാഗത രീതിയിലുള്ള നാട്ടു ചികിത്സാ സമ്പ്രദായം ഉണ്ടായിരുന്നു. ആദിവാസി മേഖലയില്‍ അവരുടേതായ ചികിത്സാ രീതികള്‍ ഉണ്ടായിരുന്നു.

 

ആരോഗ്യ സ്ഥാപനങ്ങള്‍

പ്രാഥമികാരോഗ്യ കേന്ദ്രം, കഴുതുരുട്ടി

സെന്റ് മേരീസ് ഹോസ്പിറ്റല്‍, ആര്യങ്കാവ്

അയ്യപ്പാ ആയൂര്‍വേദ ക്ളിനിക്ക്, ആര്യങ്കാവ്

പ്രാഥമികാരോഗ്യ കേന്ദ്രം, അച്ചന്‍ കോവില്‍

ഗവ.ആയൂര്‍വേദ ഡിസ്പെന്‍സറി, അച്ചന്‍ കോവില്‍

വി.വി.എം.എസ്. ഹോസ്പിറ്റല്‍, ഇസ്ഫീല്‍ഡ് എസ്റ്റേറ്റ്

എസ്റ്റേറ്റ്  ഡിസ്പെന്‍സറി, അമ്പനാട്

എസ്റ്റേറ്റ് ഡിസ്പെന്‍സറി, അമ്പനാട്:

തോട്ടം തൊഴിലാളികളുടെ ചികിത്സയ്ക്കു വേണ്ടി എസ്റ്റേറ്റ് മാനേജ്മെന്റ് നടത്തുന്നു. പരിമിതമായ സൌകര്യങ്ങള്‍ മാത്രമാണുള്ളത്. വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന സ്ഥാപനങ്ങള്‍ ഒന്നും ഈ പഞ്ചായത്തില്‍ ഇല്ല. അതിനാല്‍ ധാരാളം രോഗികള്‍ പുനലൂര്‍, ചെങ്കോട്ട തുടങ്ങിയ സ്ഥലങ്ങളിലെ  സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.

 

ഗതാഗതം

സംസ്ഥാനത്തെ പ്രധാന അന്തര്‍ സംസ്ഥാന പാത ഈ പഞ്ചായത്തുവഴി കടന്നുപോകുന്നു. പഞ്ചായത്തിലെ പ്രധാന ഗതാഗത മാര്‍ഗ്ഗങ്ങള്‍ തീവണ്ടിയും, റോഡു ഗതാഗതവുമാണ്. സംസ്ഥാനത്തെ ആദ്യത്തെ തീവണ്ടിപ്പാത ഈ പഞ്ചായത്തില്‍ കൂടി  12 കി.മീ ദൂരം കടന്നു പോകുന്നു എന്നത് എടുത്തു പറയത്തക്ക പ്രത്യേകതയാണ്. പ്രാധാന്യമേറിയ കൊല്ലം-ചെങ്കോട്ട, തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന ഹൈവേകള്‍ ഒരുമിച്ചു ചേര്‍ന്ന് കടന്നു പോകുന്നു. എന്നത് ഈ പ്രദേശത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. റെയില്‍വേ ഭൂപടത്തില്‍ ഈ പഞ്ചായത്തിന് സ്ഥാനം ലഭിക്കുന്നത് കൊല്ലം-ചെങ്കോട്ട മീറ്റര്‍ഗേജ് പാത ഇതുവഴി കടന്നു പോകുന്നതുകൊണ്ടാണ്. ഇടപ്പാളയത്തും ആര്യങ്കാവിലുമുള്ള രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഈ പഞ്ചായത്തിന്റെ പരിധിയില്‍ പെടുന്നു. ചരിത്ര പ്രസിദ്ധമായ കോട്ടവാസല്‍ തുരങ്കം ഈ പഞ്ചായത്തിന്റെ കിഴക്കു ഭാഗത്തായി ഒന്നര കി.മീ നീളത്തില്‍ സ്ഥിതി ചെയ്യുന്നു.  പാസഞ്ചര്‍ ട്രെയിന്‍ ഉള്‍പ്പെടെ പത്തോളം യാത്രാ വണ്ടികളും അനേകം ഗുട്സ് ട്രെയിനുകളും ഈ പാത വഴി കൊല്ലത്തേക്കും ചെങ്കോട്ടവഴി തിരുനെല്‍വേലി, മദ്രാസ് ഭാഗങ്ങളിലേക്കും സര്‍വ്വീസ് നടത്തുന്നു.     സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട അന്തര്‍ സംസ്ഥാന പാതകളില്‍ രണ്ടെണ്ണമാണ് കൊല്ലം ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയും  തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയും. ഈ രണ്ട് റോഡുകളും  തെന്മലയില്‍ ഒന്നിച്ച് ചേര്‍ന്ന് ഏക പാതയായി  ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്നു. 24 മണിക്കൂറും ഒരുപോലെ തിരക്കു പിടിച്ച റോഡാണ് ഈ പഞ്ചായത്ത് അതിര്‍ത്തിക്കുള്ളിലുള്ളത്. ആര്യങ്കാവ് ചെക്ക് പോസ്റ്റുകളില്‍ ഏതു സമയവും വാഹനങ്ങളുടെ നീണ്ട നിര കാണപ്പെടുന്നുണ്ട്.

 

സംസ്കാരം

കേരള പിറവിക്കുമുമ്പ് ഈ പ്രദേശം ഇപ്പോള്‍ തമിഴ്നാടിന്റെ ഭാഗമായ  ചെങ്കോട്ട താലൂക്കില്‍ ആയിരുന്നു. തമിഴ്നാട്ടിനോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ തമിഴ് സംസ്കാരത്തിന്റെ സ്വാധീനം  ഈ പ്രദേശത്തു കാണാം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കുടിയേറി പാര്‍ത്ത വ്യത്യസ്ത ജാതിമതവിഭാഗങ്ങളും അവരുടെ സംസ്കാരവും ഇവിടെ സമന്വയിക്കുന്നു. പഞ്ചായത്തിന്റെ ആറ് വാര്‍ഡുകളില്‍ തമിഴ് വംശജര്‍ ഭൂരിപക്ഷമാണ്. ഇവരുടെ വിദ്യാഭ്യാസത്തിനു വേണ്ടി തമിഴ്മീഡിയം സ്കൂളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദു  ക്രിസ്ത്യന്‍ മുസ്ളീം മതവിഭാഗങ്ങള്‍ വളരെ സൌഹാര്‍ദ്ദത്തോടെ കഴിയുന്ന പ്രദേശമാണിത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഒരു പ്രധാന  ക്ഷേത്രമാണ് ആര്യങ്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ശരാശരി 50 ലക്ഷം  ഭക്തജനങ്ങള്‍ വര്‍ഷംതോറും ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തില്‍ എത്തുന്നു. മറ്റു ശാസ്താ ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ശാസ്താവിന്റെ വിവാഹചടങ്ങുകള്‍ “തൃക്കല്ല്യാണം”  എന്ന പേരില്‍ ഈ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടക്കുന്നു. തമിഴ് സൌരാഷ്ട്ര ബ്രാഹ്മണര്‍ വധുവിന്റെ ആള്‍ക്കാരായി എത്തിച്ചേരുന്നു. ഇവരുടെ താമസം, ഭക്ഷണം എന്നിവ ദേവസ്വത്തില്‍ നിന്ന് സൌജന്യമായി നല്‍കിപ്പോരുന്നു. കമനീയമായി അലങ്കരിച്ച രണ്ട് പല്ലക്കുകള്‍ വധു വരന്മാരുടെ വിഗ്രഹവും വഹിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തുന്നു. തമിഴ് ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളോടനുബന്ധിച്ച് കളഭത്തിനു പുറമേ മഞ്ഞച്ചരടുകളും സ്ത്രീകളുടെ ഇടയില്‍ വിതരണം നടത്തുന്നു. ഈ മഞ്ഞച്ചരടുകള്‍ ലഭിയ്ക്കുന്ന കുമാരിമാര്‍ക്ക് അടുത്ത ഉത്സവത്തിനുമുമ്പായി മംഗല്യഭാഗ്യം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ളതാണ് അച്ചന്‍ കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രവും. പ്രതിവര്‍ഷം ഇരുപത് ലക്ഷത്തോളം ഭക്തജനങ്ങള്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്നു. ഡിസംബര്‍ മാസത്തിലാണ് ഈ ക്ഷേത്രത്തിലെ  ഉത്സവം. കല്പാത്തി കഴിഞ്ഞാല്‍ രഥോത്സവം നടക്കുന്നത് കേരളത്തില്‍ ഈ ക്ഷേത്രത്തില്‍ മാത്രമാണ്. കറുപ്പന്‍ തുള്ളല്‍ ഈ ക്ഷേത്രോത്സവത്തിന്റെ മുഖ്യചടങ്ങാണ്. വിഷം തീണ്ടലിന് ഈ ക്ഷേത്രത്തില്‍ നിന്നു നല്‍കുന്ന തീര്‍ത്ഥജലം ദിവ്യ ഔഷധമാണെന്ന് വിശ്വസിക്കപ്പെടുന്നു. പന്തളം രാജകൊട്ടാരത്തിന് ഈ ക്ഷേത്രവുമായി ബന്ധമുള്ളതായി  ചരിത്രരേഖകളില്‍ കാണുന്നു. തമിഴ് വംശജര്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ തമിഴ്നാട്ടില്‍ കാണുന്ന തരത്തിലുള്ള കോവിലുകള്‍ ഉണ്ട്. കറുപ്പന്‍ തുള്ളല്‍, മൃഗബലി തുടങ്ങിയ ചടങ്ങുകള്‍ ചില കോവിലുകളില്‍ ഇപ്പോഴുമുണ്ട്. ക്രിസ്തുമത വിശ്വാസികളുടെ പള്ളികള്‍ ആര്യങ്കാവ്, ഇടപ്പാളയം, നെടുമ്പാറ, അമ്പനാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ട്. ഈ പള്ളികളിലെ പെരുനാള്‍ വളരെ ആര്‍ഭാടപൂര്‍വ്വം  ആഘോഷിച്ചു വരുന്നുണ്ട്. ആര്യങ്കാവ് സെന്റ് ജോര്‍ജ്  പള്ളിയിലെ പെരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അപ്പവും കോഴി ഇറച്ചിയും വിതരണം ചെയ്യുന്നു. കഴുതുരുട്ടി, നെടുമ്പാറ, ഇടപ്പാളയം എന്നീ സ്ഥലങ്ങളില്‍ മോസ്ക്കുകള്‍ ഉണ്ട്. റംസാന്‍, ബക്രീദ് തുടങ്ങിയവ ഈ പ്രദേശത്തെ മുസ്ളീം ജനവിഭാഗം ആഘോഷിക്കുന്നു. ആചാരാനുഷ്ഠാനങ്ങളില്‍ മതപരമായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും വേഷത്തില്‍ പ്രകടമായ മാറ്റം ഇല്ല. പുരുഷന്മാര്‍ മുണ്ടും ഷര്‍ട്ടും ധരിക്കുന്നു. സ്ത്രീകള്‍ക്ക് സാരിയാണ് പ്രിയം. കൌമാര പ്രായക്കാരായ പെണ്‍കൊടിമാര്‍ക്ക്  ചുരിദാറിനോടാണ് പ്രിയം. തമിഴ് സ്ത്രീകള്‍ നീളം കൂടിയതരം ചേലയാണ് ഉടുക്കുന്നത്. മുക്കുത്തി ഇവര്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ആഭരണമാണ്. പുറകില്‍ ഞൊറിഞ്ഞിട്ടമുണ്ടും ചട്ടയും ധരിച്ച് വലിയ സ്വര്‍ണ്ണ വളയങ്ങള്‍ ധരിച്ച പ്രായമേറിയ ക്രിസ്ത്യന്‍ സ്ത്രീകളേയും ചുരുക്കമായി കാണാം. ഒരു കാലത്ത് കാടിനുള്ളില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന ആദിവാസികള്‍ വിദ്യാഭ്യാസപരമായി പിന്നിലാണെങ്കിലും ആധുനിക വേഷ സംവിധാനങ്ങളില്‍ തല്പരരാണ്. മാസമുറക്കാലത്ത് സ്ത്രീകളെ പ്രത്യേക കുടിലില്‍ പാര്‍പ്പിയ്ക്കുന്ന ആചാരം ഇവര്‍ക്കുണ്ട്. തമിഴ് വംശജര്‍ ഏറെയുള്ള തോട്ടം  മേഖലയില്‍ പൊങ്കല്‍, ആടി, ദീപാവലി  എന്നീ ഉത്സവങ്ങള്‍ ആര്‍ഭാടമായി ആഘോഷിക്കുന്നു. തമിഴ് പെണ്‍കുട്ടികള്‍ ഋതുമതിയാകുമ്പോള്‍  വളരെ ആര്‍ഭാടത്തോടു കൂടിയ ”ചടങ്ങു കല്യാണം” എന്ന ചടങ്ങ് നടത്തുന്നു. ആചാരനുഷ്ഠാനങ്ങളില്‍ വൈവിദ്ധ്യം ഉണ്ടെങ്കിലും ഉത്സവങ്ങളിലും പെരുനാളുകളിലും ജാതിമതഭേദമില്ലാതെ എല്ലാവരും പങ്കെടുക്കുന്നുണ്ട്. ജാതീയമായ ഉച്ചനീചത്വം ഈ പ്രദേശത്ത് ഇല്ല എന്ന് എടുത്തു പറയേണ്ടതാണ്.